11:30pm 10 September 2026
NEWS
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലെ നി​ഗൂഢതകൾ
09/08/2025  06:58 PM IST
nila
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലെ നി​ഗൂഢതകൾ
HIGHLIGHTS

അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന എ, ബി നിലവറകൾ ഉൾപ്പെടെ 6 നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. 

 


ഒരിടവേളയ്ക്കു ശേഷം തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം ചർച്ചകളിൽ നിറയുകയാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.  അമൂല്യനിധി ശേഖരമുണ്ടെന്നു കരുതപ്പെടുന്ന ബി നിലവറ തുറക്ക‌ണമെന്ന് ക്ഷേത്രം ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി ആവശ്യപ്പെട്ടപ്പോൾ കേന്ദ്രസർക്കാർ പ്രതിനിധി ഇതിനെ എതിർക്കുകയാണുണ്ടായത്. ബി നിലവറ സംബന്ധിച്ച കേന്ദ്ര - സംസ്ഥാന തർക്കം അവിടെ നിൽക്കട്ടെ. എന്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയെന്നും അതിന്റെ രഹസ്യം എന്തെന്നും നമുക്കൊന്ന് അറിഞ്ഞുവരാം..

ഇത് തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം. അയ്യായിരം വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. തിരുവനന്തപുരം ന​ഗരമധ്യത്തിൽ പഴവങ്ങാടി കഴിഞ്ഞ് കിഴക്കേകോട്ടയിൽ കോട്ടക്കകത്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത്. പുരാതന തമിഴ് വാസ്തുവിദ്യയിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം.  അനന്തനു മീതെ യോ​ഗനിദ്രയിൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ.  108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളിൽ ഒന്നായ ഈ 7േത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം കൂടിയാണ്. 

12008 സാളഗ്രാമങ്ങൾ പതിച്ച പീഠത്തിലാണ് ശ്രീ പത്മനാഭ സ്വാമിയുടെ പ്രധാന പ്രതിഷ്ഠ. നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നു കൊണ്ടു വന്നവയാണത്രെ ഈ സാള​ഗ്രാമങ്ങൾ. വിശേഷവിധിയായ കടുശർക്കരയോ​ഗക്കൂട്ടിലാണ് വി​ഗ്രഹം നിർമ്മിച്ചിരിക്കുന്നത്. 18 അടി നീളമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയ്ക്കുള്ളത്. മൂന്നു വാതിലുകളിലൂടെയാണ്‌ ദർശനം. ആദ്യ വാതിലിലൂടെ തലയും നെഞ്ചും, നടുവിലെ വാതിലിലൂടെ നാഭിയിൽ നിന്നുള്ള താമരയിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മാവും,  മൂന്നാമത്തെ വാതിലിലൂടെ കാൽപാദത്തിനരികിൽ ലക്ഷ്മി ദേവിയെയും കാണാം. കരിങ്കല്ലിൽ തീർത്ത വിശാലമായ ശ്രീകോവിലിലാണ് ഈ വി​ഗ്രഹമുള്ളത്. ഈ വി​ഗ്രഹത്തിന് അടിയിലാണ് വിവാദവും സമ്പത്തും നി​ഗൂഢതകളും നിറഞ്ഞ നിലവറകളുള്ളത്. ആ നിലവറയുടെ രഹസ്യത്തിലേക്കും ചരിത്രത്തിലേക്കുമാണ് ഇന്നു ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്.

അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന എ, ബി നിലവറകൾ ഉൾപ്പെടെ 6 നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. 
 ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലുള്ളവയാണത്രെ  എ, ബി നിലവറകൾ. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്തായാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഒന്നര നൂറ്റാണ്ടിലേറെയായി ബി നിലവറ തുറന്നിട്ടില്ല എന്നാണ് വിശ്വാസം. ബി നിലവറയുടെ രഹസ്യം തേടി പോകും മുമ്പ് മറ്റു നിലവറകളിലേക്കും നമുക്കൊന്ന് പോയിവരാം.. 

ക്ഷേത്രത്തിന്റെ ഭരതക്കോണിൽ ബി നിലവറയ്ക്കടുത്തായാണ് എ നിലവറ എന്ന് പറഞ്ഞല്ലോ. എ നിലവറ തുറന്ന് മുമ്പ് കണക്കെടുപ്പ് നടത്തിയിരുന്നു. അന്ന് കണക്കെടുത്തപ്പോൾ ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന നിധി ശേഖരം കണ്ടെത്തിയിരുന്നു. സ്വർണാഭരണങ്ങൾ, സ്വർണക്കട്ടികൾ, രത്‌നങ്ങൾ, സ്വർണവിഗ്രഹങ്ങൾ എന്നിവയാണ് എ നിലവറയിൽനിന്നു ലഭിച്ചത്. 

 സി, ഡി നിലവറകളിൽ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങളാണ് സൂക്ഷിക്കുന്നത്. ഒറ്റക്കൽ മണ്ഡപത്തിന്റെ 2 വശങ്ങളിലായാണ് ഇ, എഫ് നിലവറകൾ. നിത്യപൂജയ്ക്കുള്ള സാധനങ്ങളാണ് ഇവയിൽ സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ എന്നും തുറക്കാറുമുണ്ട്. 

എന്നും തുറക്കാത്ത, എന്നാൽ ലക്ഷംകോടിരൂപയിലേറെ വിലമതിക്കുന്ന നിധിശേഖരം സൂക്ഷിക്കുന്നവയാണ് എ നിലവറയും ബി നിലവറയും എന്നാണ് വിശ്വാസം. 2011 ൽ എ നിലവറ  തുറന്നപ്പോൾ പ്രവേശന കവാടം കഴിഞ്ഞു വിശാലമായ ഒരു മുറിയാണു കണ്ടത്. അവിടെ നിലത്ത് വലിയ കരിങ്കല്ലുകൾ പാകിയിരുന്നു. കല്ലുപാളികൾ നീക്കിയപ്പോൾ താഴേക്ക് ഒരാൾക്കു മാത്രം ഇറങ്ങാൻ കഴിയുന്ന പടികൾ. അതു ചെന്നു നിന്നത് ഒരാൾക്കു കുനിഞ്ഞു മാത്രം നിൽക്കാൻ കഴിയുന്ന, 3.67 മീറ്റർ നീളവും 2.27 മീറ്റർ വീതിയും 1.76 മീറ്റർ ഉയരവുമുള്ള അറയിലേക്കാണ്. ഇവിടെ 150 സെന്റീമീറ്റർ നീളവും 212 സെന്റീമീറ്റർ ഉയരവുമുള്ള സേഫ് പോലെ നിർമിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്. അറ ഗ്രാനൈറ്റിൽ മോടിപിടിപ്പിച്ചതായിരുന്നു.

ശ്വാസം കിട്ടാത്തതിനാൽ അൽപനേരം മാത്രമേ അകത്തു നിൽക്കാനാകൂ. ഫയർഫോഴ്സ് ഇടയ്ക്കിടെ ഓക്സിജൻ പമ്പ് ചെയ്തു കൊടുത്താണ് പരിശോധന പൂർത്തിയാക്കിയത്. ദിവസങ്ങളോളം നീണ്ട പരിശോധനയിൽ രണ്ടായിരത്തോളം ശരപ്പൊളി സ്വർണമാലകൾ കണ്ടെടുത്തു. ഇവയിൽ മൂന്നു നാലെണ്ണത്തിനു രണ്ടര കിലോയോളം തൂക്കവും 18 അടി നീളവും ഉണ്ടായിരുന്നു എന്നാണ് വിവരം. ബൽജിയം രത്നങ്ങളുടെ വിഭാഗത്തിൽ പെടുന്ന രത്നങ്ങൾ ഒരു ചാക്ക് നിറയെ കണ്ടെടുത്തിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ലക്ഷക്കണക്കിനു കോടി രൂപ മൂല്യം വരുന്ന സമ്പത്തിന്റെ ഉടമയാണ് ശ്രീപത്മനാഭസ്വാമിയെന്ന് അതോടെ ലോകം തിരിച്ചറിയുകയായിരുന്നു.

ഇനി ഇപ്പോൾ വിവാദമായിരിക്കുന്ന, നി​ഗൂഢതകൾ പേറുന്ന ബി നിലവറയിലേക്ക് വരാം..

 ക്ഷേത്രത്തിന്റെ ഭരതക്കോണിലാണു ബി നിലവറ എന്ന് നേരത്തേ പറഞ്ഞല്ലോ. അഗസ്ത്യമുനിയുടെ സമാധി സങ്കൽപം ഉള്ളയിടം കൂടിയാണ് ഇവിടം. രണ്ടു തട്ടുകളായുള്ള ബി നിലവറ അടച്ചിരിക്കുന്നത് കരിങ്കൽ വാതിലുകൾ ഉപയോഗിച്ചാണ്. ഇതു തുറക്കാൻ നിലവിൽ സംവിധാനമില്ല. ബി താക്കോൽ നഷ്ടപ്പെട്ടതിനാലാണ് ഈ നിലവറ തുറക്കാതിരുന്നതെന്ന് പറയുന്നവരുണ്ട്. അതല്ല, മന്ത്രാക്ഷരങ്ങൾ ഉപയോഗിച്ചുള്ള അക്ഷരപ്പൂട്ടിട്ടാണ് നിലവറ ഭദ്രമാക്കിയിട്ടുള്ളതെന്നും ഒരു വിഭാ​ഗം വിശ്വസിക്കുന്നു. അതെന്തുമാകട്ടെ, നിലവിൽ നിലവറ തുറക്കണമെങ്കിൽ വാതിലുകൾ തകർക്കണം. ഇതു ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തുമെന്ന വാദം ഉയരുന്നുണ്ട്. വാതിലിനു മുകളിൽ കൊത്തിവെച്ചിരിക്കുന്ന നാഗത്തിന്റെ ചിത്രം പലവിധ കഥകൾക്കും ഇടയാക്കിയിരുന്നു. നാ​ഗങ്ങൾ കാവൽ നിൽക്കുന്ന അപൂർവ നിധിശേഖരമാണ് ഈ നിലവറയ്ക്കുള്ളിലെന്ന് വിശ്വസിക്കുന്നവരുമുണ്ട് കേട്ടോ. 

ഈ നിലവറയ്ക്ക് രണ്ടു തട്ടുകളുണ്ടെന്ന് നേരത്തേ പറഞ്ഞല്ലോ? ബി നിലവറയുടെ രണ്ടാമത്തെ അറ ഗർഭഗൃഹത്തിന്റെ  അടിഭാഗം വരെ എത്തുമെന്നാണു വിശ്വാസം. ​ഗർഭ​ഗൃഹം എന്നാൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ എന്നാണ് അർത്ഥം. ചരിവു പ്രതലത്തിലൂടെ ആയാസപ്പെട്ടു മാത്രമേ ഇവിടേക്കു കടക്കാൻ കഴിയൂ. കൂടാതെ കൂറ്റൻ കരിങ്കൽ പാളികൾ ഉപയോഗിച്ചു രണ്ടാമത്തെ അറയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. സർപ്പങ്ങൾ കാവൽനിൽക്കുന്ന നിലവറയെന്നും, നിലവറ തുറക്കുന്നവർ മരിക്കുമെന്നും വിവിധ കഥകളുണ്ട്. 

ഒന്നര നൂറ്റാണ്ടായി ഈ ബി നിലവറ തുറന്നിട്ടില്ല എന്നാണ് വിശ്വാസം. ഈ നിലവറ തുറന്നു കണ്ടവരാരും തിരുവിതാംകൂർ രാജകുടുംബത്തിലും ജീവനോടെയില്ല. എന്നാൽ, അടുത്ത കാലങ്ങളിൽ ഏഴുതവണ ബി നിലവറ തുറന്നിട്ടുണ്ട് എന്നാണ്  സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റർ വിനോദ് റായി നൽകിയ റിപ്പോർട്ട്. 1990ലും 2002ലുമായി ബി നിലവറ ഏഴു തവണ തുറന്നിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിലപാട്.  ഈ നിലവറയുടെ ആദ്യത്തെ അറ മാത്രമേ തുറന്നിട്ടുള്ളൂവെന്നും അതിനുള്ളിലെ മറ്റൊരു വാതിൽ തുറന്നതായി ഓർമയുള്ള ആരും ഈ തലമുറയിൽ ജീവിച്ചിരിപ്പില്ലെന്നും രാജകുടുംബാംഗങ്ങൾ അന്നു വ്യക്തമാക്കിയിട്ടുണ്ട്.

2011 ജൂൺ 30നാണ് അവസാനമായി ബി നിലവറ തുറക്കാൻ ശ്രമിച്ചത്. അന്ന് പരിശോധക സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കാൽ മുറിഞ്ഞു.  നിലവറയിൽ രക്തം വീണതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഏതായാലും ഒട്ടേറെ നി​ഗൂഢതകൾ പേറുന്നതാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ. ഇപ്പോഴത്തെ വിവാദം എങ്ങനെ കെട്ടടങ്ങുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img